മെഡിറ്ററേനിയൻ കടൽ യൂറോപ്പിലെ ഏറ്റവും ആഴമേറിയ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു! അയോണിയൻ കടലിന്റെ കലിപ്സോ ഡീപ്പിൽ 5,112 മീറ്റർ ആഴത്തിൽ വൻ മാലിന്യശേഖരമാണു കണ്ടെത്തിയത്. പ്രധാനമായും പ്ലാസ്റ്റിക്കുകൾ, പാനീയ ടിന്നുകൾ, പേപ്പർ കാർട്ടണുകൾ തുടങ്ങിയവ ഉൾപ്പെടെ നൂറ്റിയെഴുപതിലേറെ വസ്തുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാവിയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ഇവ എങ്ങനെ കൈകാര്യം ചെയ്യുമെന്നുള്ളതു വലിയ ആശങ്കയായി മാറിയിരിക്കുന്നു.
പ്രധാനമാലിന്യം പ്ലാസ്റ്റിക് ആണ്. ആകെ മാലിന്യത്തിന്റെ 88 ശതമാനത്തോളമാണിത്. അയോണിയൻ കടലാഴങ്ങളിലെ അപൂർവ ജീവജാലങ്ങൾക്ക് ഇതുവരെ മാലിന്യശേഖരം ഹാനികരമായി മാറിയിട്ടില്ലെന്നും ഗവേഷകർ. എന്നാൽ, ഭാവിയിൽ മധ്യധരണ്യാഴിയിൽ ഇതു വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്നു ഗവേഷകർ വിലയിരുത്തുന്നു.
ഗ്രീസിലെ പെലോപ്പൊന്നീസ് തീരത്തുനിന്ന് 60 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കലിപ്സോ ഡീപ്പ് ഉയർന്ന ഭൂകമ്പ സാധ്യതയുള്ള മേഖലയാണ്. ആയിരത്തോളം മീറ്റർ കുത്തനെയുള്ള ചരിവുകളും നിരകളുമെല്ലാം ഇവിടെയുണ്ട്. 'വൃക്കയുടെ ആകൃതിയിലുള്ളത്’ എന്ന് വിശേഷിപ്പിക്കപ്പെടുന്നതും ഏകദേശം 20 കിലോമീറ്റർ മുതൽ അഞ്ചു കിലോമീറ്റർ വരെ വിസ്തീർണമുള്ളതുമായ ട്രഞ്ചിന്റെ ഉൾഭാഗം കേന്ദ്രീകരിച്ചാണു പഠനം നടത്തിയത്.
കലിപ്സോ ഡീപ്പിലേക്ക് 60 കിലോമീറ്റർ അകലെയുള്ള തീരത്തുനിന്നാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്തുന്നത്. വലിയ പ്ലാസ്റ്റിക് വസ്തുക്കൾ അടിത്തട്ടിലെത്തുന്നതിനുമുമ്പു ഭാഗികമായോ പൂർണമായോ ഒഴുകിപ്പോവുകയോ ചെറിയ ശകലങ്ങളായി വിഘടിക്കുകയോ ചെയ്യുന്നതായി പഠനത്തിൽ വെളിപ്പെടുത്തുന്നു. ബോട്ടുകൾ മാലിന്യം നിറച്ച ബാഗുകൾ വലിച്ചെറിയുന്നതും സാധാരണമാണ്. വ്യത്യസ്ത മാലിന്യങ്ങളുടെ കൂമ്പാരമായി സമുദ്രം മാറി. നിർഭാഗ്യവശാൽ, മെഡിറ്ററേനിയനെ സംബന്ധിച്ചിടത്തോളം ഒരു ഇഞ്ച് പോലും വൃത്തിയുള്ളതല്ല എന്ന് പറയുന്നതിൽ തെറ്റില്ലത്രെ!
കടൽത്തീരങ്ങൾ അല്ലെങ്കിൽ തീരപ്രദേശം പോലുള്ള ജനപ്രിയ സ്ഥലങ്ങളിൽനിന്നു വ്യത്യസ്തമായി; സമുദ്രത്തിന്റെ അടിത്തട്ട് സമൂഹത്തിന് അജ്ഞാതമായതിനാൽ, ഈ ഇടങ്ങളുടെ സംരക്ഷണത്തെക്കുറിച്ചുള്ള സാമൂഹികവും രാഷ്ട്രീയവുമായ അവബോധം വളർത്തുന്നത് ബുദ്ധിമുട്ടാണ്. ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഉപഭോഗശീലങ്ങൾ മാറ്റുന്നതിന് 'ആഗോള നയങ്ങൾ’ നടപ്പിലാക്കേണ്ട ആവശ്യകതയെക്കുറിച്ച് വലിയ മുന്നറിയിപ്പാണു മദ്ധ്യധരണ്യാഴിയിലെ മാലിന്യക്കൂന്പാരങ്ങളുടെ പശ്ചാത്തലത്തിൽ ഗവേഷകർ മുന്നോട്ടുവയ്ക്കുന്നത്.